10:06am 13 November 2026
NEWS
വെറും 140 രൂപ ചെലവിൽ പ്യൂരിഫയർ; കൈയടി നേടി വിദ്യാർഥികളുടെ കണ്ടുപിടിത്തം 'പ്രോജക്ട് വായു'
13/11/2026  09:24 AM IST
nila
വെറും 140 രൂപ ചെലവിൽ പ്യൂരിഫയർ; കൈയടി നേടി വിദ്യാർഥികളുടെ കണ്ടുപിടിത്തം പ്രോജക്ട് വായു

 

ഡൽഹിയിലെ രൂക്ഷമായ വായുമലിനീകരണത്തിനിടയിൽ വിദ്യാർഥികൾക്ക് ശുദ്ധവായു ഉറപ്പാക്കാൻ കുറഞ്ഞ ചെലവിൽ എയർ പ്യൂരിഫയർ വികസിപ്പിച്ച് രണ്ട് വിദ്യാർഥികൾ. കൃഷ് അഗർവാൾ, സമർഥ് മിത്തൽ എന്നീ വിദ്യാർഥികളാണ് 'പ്രോജക്ട് വായു' എന്ന പേരിൽ ഈ സംരംഭത്തിന് തുടക്കമിട്ടത്. വെറും 140 രൂപ ചെലവിൽ നിർമിച്ച ഈ സംവിധാനം ഇതിനകം 295 ക്ലാസ് മുറികളിൽ സ്ഥാപിച്ചുകഴിഞ്ഞു. ആയിരക്കണക്കിന് കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.

ഡൽഹിയിലെ സ്കൂളുകളിൽ വായുമലിനീകരണം രൂക്ഷമായിട്ടും ഉയർന്ന ചെലവുകാരണം പല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എയർ പ്യൂരിഫയറുകൾ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യം ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് സാധാരണ ഫാനുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന കുറഞ്ഞ ചെലവിലുള്ള സംവിധാനം വികസിപ്പിച്ചത്.

ഫാനിനെ എയർ പ്യൂരിഫയറാക്കി മാറ്റി

സ്കൂളുകളിലെ ക്ലാസ് മുറികളിൽ നിലവിലുള്ള ഫാനുകൾ തന്നെ വായു ശുദ്ധീകരണത്തിനായി ഉപയോഗിക്കാമെന്ന ആശയമാണ് ഇവർ പരീക്ഷിച്ചത്. ടേബിൾ ഫാനിന്റെ മുൻവശത്തെ ഗ്രില്ലിൽ ഇലാസ്റ്റിക് ഉപയോഗിച്ച് പ്രത്യേക ഫിൽട്ടർ ഘടിപ്പിക്കുന്നതാണ് സംവിധാനം. ഫാൻ പ്രവർത്തിപ്പിക്കുമ്പോൾ ഫിൽട്ടർ ബലൂൺ പോലെ വികസിക്കുകയും അതിലൂടെ കടന്നുപോകുന്ന വായുവിലെ സൂക്ഷ്മ കണികകളെ അരിച്ചെടുക്കുകയും ചെയ്യും.

പരീക്ഷണങ്ങളിലൂടെ ഫിൽട്ടറിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് കൂടുതൽ സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചത്. ഫാനുകൾ ഇല്ലാത്ത സ്ഥാപനങ്ങളിൽ ആവശ്യമായ ഫാനുകൾ കൂടി നൽകിയാണ് ഇവർ സംവിധാനം സ്ഥാപിക്കുന്നത്.

നിർമാണച്ചെലവ് വെറും 140 രൂപ

വിലകൂടിയ ഉപകരണങ്ങൾക്ക് പകരം സാധാരണക്കാർക്ക് താങ്ങാനാകുന്ന രീതിയിൽ എയർ പ്യൂരിഫയർ ഒരുക്കാനായതാണ് പദ്ധതിയുടെ പ്രത്യേകത. ഇലക്ട്രറ്റ് ഫിൽട്ടർ മീഡിയവും ഇലാസ്റ്റിക്കും ഉൾപ്പെടെയുള്ള സാമഗ്രികൾക്കായി ആകെ ചെലവ് 140 രൂപ മാത്രമാണ്. സാധാരണ ഫാനുകളിൽ ഏകദേശം 1.4 ചതുരശ്ര അടി വിസ്തീർണമുള്ള ഫിൽട്ടറിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഫാൻ പ്രവർത്തിക്കുമ്പോൾ ഫിൽട്ടർ വികസിക്കുന്നതോടെ കൂടുതൽ ഭാഗത്ത് വായു ശുദ്ധീകരണം സാധ്യമാകുന്നു. ഓരോ മാസവും പുതിയ ഫിൽട്ടറുകൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.

295 ക്ലാസ് മുറികളിൽ പദ്ധതി

ഇതുവരെ 295 ക്ലാസ് മുറികളിലാണ് സൗജന്യമായി പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുള്ളത്. 602 ഫിൽട്ടറുകളിലൂടെ 8,000ത്തിലധികം വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങൾ വിജയകരമായതോടെ 45 സ്കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനാണ് സംഘത്തിന്റെ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാഹചര്യങ്ങളിലുള്ള സാധാരണ സ്കൂളുകൾക്കാണ് മുൻഗണന നൽകുന്നത്.

വായുമലിനീകരണത്തിന്റെ ദുരിതം അനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസമൊരുക്കാൻ നടത്തിയ ഈ പ്രവർത്തനത്തിന് കൃഷ് അഗർവാളിന് 2026ലെ ഡയാന അവാർഡും ലഭിച്ചു. വലിയ സാമ്പത്തിക ചെലവില്ലാതെ സ്കൂൾ പരിസരങ്ങളിൽ വായു ശുദ്ധീകരണത്തിനുള്ള സാധ്യത തുറന്നുകാട്ടുകയാണ് ഈ വിദ്യാർഥികളുടെ സംരംഭം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img